Monday, July 21, 2008
ചിതറിയ ചില ചിന്തകള്‍ - രണ്ട്
കടുത്ത പാടല നിറമുള്ള പുതപ്പു നനച്ചിടുമ്പോള്‍ അരികിലെ നൂലിഴകളില്‍ നിന്നു ചുട്ടു പഴുത്ത ടെറസിലെക്കു വാര്‍ന്നു വീഴുന്ന വെള്ളം നോക്കി കുറച്ച് നേരം നിന്നു. ഒരു പാടു വര്‍ഷങ്ങളായി, മനുഷ്യന്‍ സൂര്യന്റെ നിഴല്‍ നോക്കി നേരം അളക്കാന്‍ പഠിക്കുന്നതിനും മുന്‍പ്, ആ പുതപ്പു അങ്ങനെ അവിടെ തൂങ്ങിക്കിടന്നു നീര്‍ വാര്‍ക്കുന്നുന്ടെന്നു വെറുതെ സങ്കല്പിച്ചു നോക്കി.. സ്കൂളില്‍ നിരന്നു നില്ക്കുന്ന അസ്സംബ്ലി വരികളോട് വര്ത്തമാനം പറയാന്‍ വരുമായിരുന്ന പള്ളീലച്ചന്റെ അരയില്‍ മോടിയോടെ ചുറ്റിയിരുന്ന അങ്കിക്കും ഇതേ നിറമായിരുന്നുവല്ലോ
അന്നൊക്കെ അവിടുത്തെ ചെറിയ പള്ളിയില്‍, തണുപ്പും ഇരുട്ടും വീണു കിടക്കുന്ന ചാരുബെഞ്ചുകളില്‍ ഒന്നില്‍, ക്രൂശിത രൂപത്തെയും നോക്കി തനിച്ചിരിക്കുമ്പോള്‍ പള്ളീലച്ചന്മാര്‍ക്ക് ഈ സംഭാഷണ സ്ഥലതെന്തു കാര്യം എന്ന് തോന്നുമായിരുന്നു...വല്ലപ്പോഴും ധൂപക്കുറ്റി വീശി മറ്റൊരു ലോകത്തിന്റെ പരിമളം പരത്തിയിരുന്ന സഹായിക്കും, പിന്നെ വലിയ പള്ളി മണിയടിച്ചു മേഘങ്ങളെ തടുത്തു കൂട്ടുന്നവനെന്നു ഞാന്‍ കരുതിയിരുന്ന കപ്യാര്‍ക്കും മാത്രമെ അവിടെ പ്രസക്തിയുള്ളൂ എന്നും...!!
റോഡില്‍ അലറിപ്പാഞ്ഞു കൊണ്ടിരുന്ന ഏതോ വാഹനത്തിന്റെ പൊടുന്നനെയുള്ള നില്‍പ്പും മുരള്‍ച്ചയും കേട്ടാണ് വര്‍ത്തമാനത്തിലേക്ക് തിരിച്ചു വന്നത്. അപ്പുറത്തെ ഗുരുദ്വാരയില്‍ നിന്നു ഗുരുസ്തുതികളുടെ നൈരന്തര്യം..
ഇതാ, എന്‍റെ പുതപ്പ് ഉണങ്ങിയിരിക്കുന്നു..!
Sunday, July 20, 2008
ചിതറിയ ചില ചിന്തകള്‍
"കിഴക്കേ നട വിട്ടെങ്ങും പോകാതോരരയാല്‍ മരം ഇലക്കൈ വിരലാലെണ്ണി നാമം ചൊല്ലുന്നു രാപ്പകല്‍ .."ഒരു പാടു ഓടിതളര്‍ന്നു ശരിക്കും യന്ത്രമായി മാറിക്കഴിഞ്ഞോ ഞാന്‍ എന്ന് സംശയം തോന്നുമ്പോള്‍ അറിയാതെ ചൊല്ലി നോക്കാറുണ്ട് ഈ വരികള്‍.. പെട്ടെന്ന് മനസ്സു നിറയെ തണല്‍ വിരിച്ചു കൊണ്ടു വിറയ്ക്കുന്ന ഇലകളുമായി ഒരു വലിയ മരം സങ്കല്‍പിക്കാന്‍ പറ്റുന്നു എനിക്കെന്കില്‍ ആശ്വാസം തോന്നും. ഇലക്കൈ വിരലിന്റെ ആ ചിത്രം എത്ര ഭംഗിയാണ് ....അകത്തേക്ക് നോക്കാം ധൈര്യമായി എന്ന് തോന്നും ..
മാധവിക്കുട്ടിയുടെ "രുഗ്മിനിക്കൊരുപാവക്കുട്ടി" അവസാനിക്കുമ്പോള്‍ പറയുന്നുണ്ട്: "ഇന്നു എന്റെ ഉള്ളില്‍ എന്തോ മരിച്ചു.." എന്തൊരു ശക്തിയാണ് ആ ചെറിയ വാക്യത്തിനു..എങ്ങനെയാണ് ഇവരൊക്കെ ഇത്ര ചെറിയ, ലളിതമായ വാക്കുകളില്‍ ഇത്രയും വലിയ കടല്‍ ഒതുക്കുന്നത്!